ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് ഇറങ്ങി പോകുന്നവർക്ക് ഒരു പക്ഷേ ഭക്ഷണത്തിന്റെ വില ഹോട്ടൽ ഉടമ നിശ്ചയിച്ച് നൽകുന്ന ബില്ലിലുള്ള തുക മാത്രമായിരിക്കും. എന്നാൽ നമുക്ക് മുമ്പേ നടന്ന് പോയ മഹാത്മാക്കൾക്ക് അതിൽ ബറക്കത്തും പിശപ്പടക്കലും ഉണ്ടായിരുന്നു.
എന്റെ വലിയുമ്മക്ക് ഏകദേശം 98 വയസ്സായി, (1921ൽ ആണെന്ന് തോന്നുന്നു ജനനം) ഇപ്പോൾ പഴയ കാലത്തെ കഷ്ടപാടുകളല്ലാം വീട് വിട്ട് പോയി എന്ന് വലിയുമ്മ എപ്പോളും പറയും. ഗൾഫിൽ നിന്നും ഉപ്പ അയച്ച് തരുന്ന പണത്തിന്റെ ബലത്തിൽ നാല് നേരം വിശപ്പില്ലാതെ വിശപ്പടക്കുന്നുണ്ട് വീട്ടുകാർ .... അത് കൊണ്ട് തന്നെ ഭക്ഷണ സാധനങ്ങൾ വില കൊടുത്ത് വാങ്ങിയാലും വിലയില്ലത്തത് പോല പെരുമാറുന്ന ഒരു സാഹചര്യം കാണാറുണ്ട്.
വീടുകളിൽ ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് അമിതമായി ഉണ്ടാക്കി പെട്ടെന്ന് തന്നെ പുളിപ്പ് വന്നു വെളിയിൽ തള്ളുന്നത്. പലപ്പോയും അതിഥികളെ ഉദ്ദേശിച്ചായിരിക്കും ഈ പരിതിയിൽ കവിഞ്ഞ പാചകം. അങ്ങിനെയുള്ള വീട്ടിൽ ദാരിദ്യം ഉണ്ടാകാൻ കൂടുതൽ കാലം പാചകം ചെയ്യേണ്ടി വരില്ല എന്നതാണ് യാഥാർത്യം .
ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ പലപ്പോയും ഭക്ഷണം നിലത്ത് വീണ് പോകുന്ന സാഹചര്യം നമ്മൾ അനുഭവിക്കാറുണ്ട്. വീട്ടിൽ ചെറിയ കുട്ടികളിൽ നിന്നാണ് കൂടുതലായും ഇത് സംഭവിക്കുക. ചെറുപ്പത്തിൽ എന്റെ പാത്രത്തിൽ നിന്ന് ഭക്ഷണം പുറത്തേക്ക് ചിതറുമ്പോൾ " വറ്റ് പുറത്ത് കളയല്ലേ.. മുത്ത് നബിയുടെ ഒളിയുണ്ടതിൽ " എന്ന് വലിയുമ്മ പറയുന്നത്, ഇപ്പോയും ഭക്ഷണം കഴിക്കുമ്പോൾ കർണ്ണപുടങ്ങളിൽ താളം കൊട്ടാറുണ്ട്.
ഇപ്പോൾ വലിയുമ്മയോടപ്പം ഭക്ഷണം കഴിക്കുമ്പോൾ വലിയുമ്മ ആരോടും അങ്ങിനെയൊന്നും പറയാറില്ല ഉപദേശം കേൾക്കുന്നത് ഇഷ്ടമില്ലാത്ത ഒരു തലമുറയെ അച്ചിലിട്ട് വാർത്തെടുത്ത് വെച്ചിട്ടുണ്ടല്ലോ നമ്മൾ അത് തിരിച്ചറിഞ്ഞത് കൊണ്ടാകാം ഒരു ഉപദേശത്തിന് മുതിരാത്തത്.